Saturday, February 8, 2020

തീവണ്ടി :rejishankar



തീവണ്ടി;
ഭൂതകാലത്തിൻറെ
ഇരുണ്ട ലോകത്തേക്ക്
പാഞ്ഞു കയറുന്ന ഒറ്റക്കണ്ണുള്ള ഓർമ്മയാണ്.
മാറാലമൂടിയ ഓർമ്മയുടെ താഴ്വരയിലത് കിതച്ച് നിൽക്കുന്നു,
കരഞ്ഞും വിളിച്ചും ഓടിയകലുന്നു.

കയറുന്നവർക്ക്
കരുത്തുറ്റ രക്ഷാകേന്ദ്രം.
ഇറങ്ങുന്നവർക്ക്
രക്ഷപെട്ടോരുദുരിത പേടകം.
 പിന്നെ നാവിൻ തുമ്പിലൊരു തെറി;
പിന്തിരിഞ്ഞ് നോക്കാതെ
അറപ്പോടൊരു തുപ്പൽ!

അപ്പോഴും തീവണ്ടി,
കയറിയവരുടേയും ഇറങ്ങിയവരുടേയും
മാലിന്യങ്ങൾ പേറി
ആത്മരോഷം പാളങ്ങളിലുരച്ച്
തീയെരിച്ചടക്കുന്നു.

അർദ്ധരാത്രിയിൽ;
കീറിമുറിച്ചുയരുമൊരു ചൂളംവിളി,
മറന്നുകളഞ്ഞ അമ്മയോടുള്ള സ്നേഹം,
പാതിവഴിയിലുപേക്ഷിച്ച
പൈതങ്ങളോടുള്ള വാത്സല്യം
നടന്നു മറഞ്ഞ;
മറന്നു മറഞ്ഞ
നാടും നാട്ടു വഴികളും
മുള്ളുകളായ് ഹൃദയത്തിലേഖകൻ
കോരിയിട്ട് ഞെരിക്കുന്നു.

തീവണ്ടി;
ഓർമ്മകളിലേക്ക് തറക്കുമൊരു ജാലകമാണ്.
കൂട്ടിമുട്ടാത്ത രണ്ടു രേഖകളിലൂടെ
ജീവിതത്തെ പറിച്ചെടുത്തും
 ചേർത്ത് വച്ചും,
രാത്രിയിൽ തേങ്ങിയും പിറുപിറുത്തും,
പകൽ പൊള്ളിക്കരഞ്ഞും,
കുതിച്ചു പായുന്നു....

പലദേശമുണ്ടെങ്കിലും
സ്വന്തമൊന്നുമില്ലാതെ,
പരിചിതരില്ലങ്കിലും
സ്നേഹിതരില്ലാതെ..!!

23. 7. 2005
Bangalore

No comments:

Post a Comment