Saturday, April 25, 2020

വ്യാകരണം തെറ്റിയ പ്രണയം.

.

ആലീസ്,
നിന്റെ പ്രണയം ഞാൻ
ഉതിർത്തു കളഞ്ഞപ്പോൾ
നൊന്തു പോയെങ്കിലും 
ഇപ്പോൾ നീ ഊറിച്ചിരിക്കുന്നുണ്ടാകും.

പള്ളിക്ക് പിന്നിലെ 
കളപ്പുരയുടെ ഭിത്തിയിൽ ചാരിനിന്ന്, 
കലങ്ങിയ കണ്ണുകളോടെ 
എന്നെ നോക്കിയ  നിന്റെ കണ്ണുകൾ കണ്ട,
കുശിനിക്കാരന്റെ കത്തുന്ന കണ്ണുകൾ 
ഓങ്ങുവടിയായി ഒത്തിരി നാൾ
 എന്റെ പുറകിലുണ്ടായിരുന്നു.

നിന്നെക്കാൾ നിറമുണ്ടായിരുന്നിട്ടും
ഞാൻ എന്തിന് പതറിപ്പോയെന്നു
 നിന്റെകുഞ്ഞ് മനസ്സിന് എപ്പോഴെങ്കിലും
 മനസ്സിലാകുമെന്ന് ഞാൻ ആശ്വസിച്ചു.

പ്രണയത്തിന്റെ 
വ്യാകരണം പിശകിയാൽ
ജീവിതത്തിന്റെ ഭാഷ 
കലങ്ങിപ്പോകുമെന്നു 
എന്നെ പഠിപ്പിച്ച മരണങ്ങൾ 
ജനാലായില്ലാത്ത എന്റെ വീടിനുചുറ്റും
കരഞ്ഞും വിളിച്ച രാത്രികളിൽ
ഡിസംബറിലെ പച്ചവെളുപ്പിന്
പുതപ്പൂരിയെറിഞ്ഞപോലെ
നിന്നെ ഞാൻ പറിച്ചെടുത്ത്
എതിർ ദിശയിൽ നിർത്തി.

നിന്നോടൊപ്പം
കുരിശിന്റെ ഭാരവും ഞാൻ
ഇറക്കിവെച്ചു നടന്നുവെന്ന്
നീ അറിഞ്ഞു കാണുമോ?

ആലീസ്,
പ്രണയം പരിശുദ്ധാത്മാവിനെക്കാൾ 
വിശുദ്ധിയുള്ളതാകുന്നു.
പാറയുടെ ഇടുക്കിലും
പർവ്വതങ്ങളുടെ കടുംതൂക്കിലും;
ഒരിക്കലും കെട്ടിത്തീരാത്ത കൂട്ടിലേക്കത്
 ചുള്ളിയുമായി പറക്കുകയാണ്..

വ്യാകരണം മുഴുവനും തെറ്റി,
ശരിയാക്കി....ശരിയാക്കി...
..ഞാനും...