Saturday, April 25, 2020

വ്യാകരണം തെറ്റിയ പ്രണയം.

.

ആലീസ്,
നിന്റെ പ്രണയം ഞാൻ
ഉതിർത്തു കളഞ്ഞപ്പോൾ
നൊന്തു പോയെങ്കിലും 
ഇപ്പോൾ നീ ഊറിച്ചിരിക്കുന്നുണ്ടാകും.

പള്ളിക്ക് പിന്നിലെ 
കളപ്പുരയുടെ ഭിത്തിയിൽ ചാരിനിന്ന്, 
കലങ്ങിയ കണ്ണുകളോടെ 
എന്നെ നോക്കിയ  നിന്റെ കണ്ണുകൾ കണ്ട,
കുശിനിക്കാരന്റെ കത്തുന്ന കണ്ണുകൾ 
ഓങ്ങുവടിയായി ഒത്തിരി നാൾ
 എന്റെ പുറകിലുണ്ടായിരുന്നു.

നിന്നെക്കാൾ നിറമുണ്ടായിരുന്നിട്ടും
ഞാൻ എന്തിന് പതറിപ്പോയെന്നു
 നിന്റെകുഞ്ഞ് മനസ്സിന് എപ്പോഴെങ്കിലും
 മനസ്സിലാകുമെന്ന് ഞാൻ ആശ്വസിച്ചു.

പ്രണയത്തിന്റെ 
വ്യാകരണം പിശകിയാൽ
ജീവിതത്തിന്റെ ഭാഷ 
കലങ്ങിപ്പോകുമെന്നു 
എന്നെ പഠിപ്പിച്ച മരണങ്ങൾ 
ജനാലായില്ലാത്ത എന്റെ വീടിനുചുറ്റും
കരഞ്ഞും വിളിച്ച രാത്രികളിൽ
ഡിസംബറിലെ പച്ചവെളുപ്പിന്
പുതപ്പൂരിയെറിഞ്ഞപോലെ
നിന്നെ ഞാൻ പറിച്ചെടുത്ത്
എതിർ ദിശയിൽ നിർത്തി.

നിന്നോടൊപ്പം
കുരിശിന്റെ ഭാരവും ഞാൻ
ഇറക്കിവെച്ചു നടന്നുവെന്ന്
നീ അറിഞ്ഞു കാണുമോ?

ആലീസ്,
പ്രണയം പരിശുദ്ധാത്മാവിനെക്കാൾ 
വിശുദ്ധിയുള്ളതാകുന്നു.
പാറയുടെ ഇടുക്കിലും
പർവ്വതങ്ങളുടെ കടുംതൂക്കിലും;
ഒരിക്കലും കെട്ടിത്തീരാത്ത കൂട്ടിലേക്കത്
 ചുള്ളിയുമായി പറക്കുകയാണ്..

വ്യാകരണം മുഴുവനും തെറ്റി,
ശരിയാക്കി....ശരിയാക്കി...
..ഞാനും...

Sunday, February 9, 2020

കരിങ്കോളി:ഒരു മായാസർപ്പമല്ല! :രജിശങ്കർ.

മോശപ്പാപ്പനെന്ന് നാട്ടിൽ വിളിപ്പേരുള്ള
 ചരദൻ ചാക്കോച്ചിയെന്ന
എന്റെ വല്യപ്പച്ചൻ.
ഏലയാസറെന്ന
വെടിക്കാരൻ ഐമുവിൻറെ നിഴലായിരുന്നു.
വന നിഗൂഢതയുടെ നിശബ്ദതയുടെ
അടിവാരങ്ങളിൽ രണ്ടു ശ്വാസങ്ങളായവർ ഇരുളിലങ്ങിങ്ങറിഞ്ഞു.

ചാകാത്ത, വാഴാത്ത ജീവിതങ്ങളെ ഇരുട്ടിന്റെ മറവിൽ വാരിക്കുട്ടി
ആരെയും പിരിച്ചുകാണാത്ത വന്യതയുടെ മടിയിലേക്ക് മലകയറി പോയപ്പോഴാണ്
ചരദൻ ചാക്കോച്ചി "മോശയ'യായത്.
സമയത്തിൻറെ അടരുകളോരോന്ന്
വിണ്ടർന്നപ്പോൾ മോശപ്പാപ്പനായി. ;ചരദൻ ചാക്കോച്ചി  യെന്ന പേര്;
അതിപുരാതന കാലത്തെന്നോ ഏതോ കൽമടക്കുള്ളിലെ കോറിവരക്കലായി.

മുള്ളരിങ്ങാട്ട്,
കുടിയും വെടിവെപ്പുമായി നടന്ന്
നാട്ടുകാരുടെ ഉറക്കം കെട്ടപ്പോൾ
മന്നാങ്കണ്ടത്തിൽ വന്ന്
തിരിഞ്ഞ് നോക്കിയ
വെടിക്കാരൻ ഏലയാസർ;
എരുമേലിക്കാരൻ മരക്കച്ചവടക്കാരൻ പൂക്കോയയുടെ വെടിക്കും തടിക്കും ഉന്നമായി നടന്നു.(അങ്ങനെയാണ് ഏലയാസർ ഐമുവാകുന്നത്. )
നിഴലായി വല്യപ്പച്ചനും.
അന്നൊക്കെ വല്യപ്പച്ചന് ചെവിയും മൂക്കും മാത്രമേ ഉണ്ടായിരുന്നുള്ളു.
വേരുകളില്ലാത്തവർ
ആകാശത്തേക്ക് വളർന്നു തുടങ്ങിയ കാലത്ത്,
പൂക്കോയ മലയിറങ്ങിപ്പോയി. അതിന് മുമ്പേ;പാതിവനം കുന്നിറങ്ങിയിരുന്നു.

ഐമു പിന്നെ;
കാടാറുമാസംനാടാറുമാസം അവതാരലക്ഷ്യം തുടർന്നു. മോശപ്പാപ്പനും.
ഓരോരോ കിടിലൻ കഥകളുമായി
അവർ നാടിറങ്ങി തിരിച്ചുപോകും.
കണക്കില്ലാത്ത കാലങ്ങളായി
കാട് കാത്ത്സൂക്ഷിച്ച രഹസ്യങ്ങൾ
ചായക്കടയിലും ചാരായക്കടയിലും പതഞ്ഞ് പൊങ്ങി.
നിഗൂഢതയിലേക്ക് പേടിയില്ലാതിറങ്ങിപ്പോകുന്ന
ഐമുവിനെ പേടികലർന്ന
ആരാധനയിൽ പൊതിഞ്ഞ് വച്ചവർക്കിടയിലൂടെ അയാൾ നാട്ടിലില്ലാത്തപ്പോഴുംചുറ്റിത്തിരിഞ്ഞു.

അക്കാലം,
നാട്ടിലെ മച്ചികളെല്ലാം പെറ്റു.
പുരുഷനെയറിയാത്ത കന്യകമാരും.

അന്ന്
കാടിറങ്ങി വന്നത് നടുക്കുന്ന
കഥയുമായാണ്.
ശരീരമാസകലം പരിക്കുമായിവന്ന<br>
ഐമു സകല
രേയും നടുക്കി.
മുന്നിൽ വീണ വെടിയിറച്ചിയാരും കണ്ടില്ല. ചുരുളഴിഞ്ഞ  ഐമുവിൻറെ മൗനം അവർക്കിടയിൽ പത്തിവിരിച്ചു നിന്നു.
കരിങ്കോളി!!
കഥകളിൽ കേട്ട വലിയ പാമ്പ്.
തലയിൽ കോഴിപ്പൂവുള്ള
കറുത്ത ഭീകരൻ.
ഞൊടിയിൽ എവിടെയും പറന്നെത്തുന്നവൻ.
ഇണയെ വെടിവെച്ചിട്ട
ഐമുവിൻറെ പിന്നാലെ പാഞ്ഞ കരിങ്കോളിയെ
അകക്കണ്ണിൽക്കണ്ടവർ വീട്ടിലേക്ക്പാഞ്ഞു.

അക്കാലം
വല്യപ്പച്ചൻ  വീട്ടിൽ നിന്നും
പുറത്തിറങ്ങിയതേയില്ല.
മിണ്ടാട്ടത്തിൻറെ റേഷനും തീർന്ന്,
കണ്ണും തുറിച്ചങ്ങനെയിരുന്നു. ഓരോ പത്ത് നിമിഷവും പാവാടക്കാരിയിയായ മേരിയാൻറിയെ വന്ന് നോക്കും. തോണ്ടയിൽനിന്നും
മൂക്കിലേക്കെത്തുന്ന മൂളലുകൾ കറുകറെ പുറത്ത് വരും.

 വല്യപ്പച്ചൻ
ആരെയോ കാത്തിരിക്കുമ്പോലെ
ഉറങ്ങാതിരുന്നു.
ഓരോ ഇലയനക്കങ്ങളിലേക്കും കണ്ണുകൾ കൂട്ടിപ്പിരിച്ച് നീട്ടി.
തുണിയുരിഞ്ഞ് വച്ച്,
യാമങ്ങൾ കടവിറങ്ങുമ്പോൾ
കണ്ണൂകുടഞ്ഞ വല്യമ്മച്ചി
" ഒടേതമ്പുരാൻറ അനിച്ച "യെന്ന് കരഞ്ഞു.

വല്യമ്മച്ചീടെ കൂടെ വന്ന
പ്രാർത്ഥനാവരമുള്ള ഉപദേശിമാർ
ലെഗ്യോനെക്കണ്ട് ഭയന്നോടിപ്പോയി.
 വല്യമ്മച്ചി പെരക്ക് ചുറ്റും പ്രാകിക്കരഞ്ഞ് നടന്നു.

ഉറക്കം നഷ്ടപ്പെട്ട രാപ്പകലുകളിലൂടെ<br>
കരിങ്കോളി പ്രതികാര ദാഹവുമായി അദൃശ്യമായി
പുളച്ച് നടന്നു.

കുഞ്ഞിട്ടിപ്പറയനെന്ന്
പൊലയാടിമക്കളുടെ പൊടിപ്പുകൾ പോലും വിളിച്ചുവന്ന ഇട്ടിച്ചാൻ വല്യപ്പച്ചൻറെ കൂട്ടുകാരനായിരുന്നു.
മൂത്തമകൾക്ക്
അവിഹിത ഗർഭം മരണവാറണ്ടായത് മുതൽ
ഇട്ടിഛ്ചാനൊരു ഇരുമ്പുതൂണായി.
ഉറങ്ങാതെ വീടിന്  രാപ്പകൽ കാവലിരുന്നെങ്കിലും
ഇതിനോടകം അനേകം പെണ്ണുങ്ങളേപ്പോലെ ഇളയമകൾ
മേലുപോയോ കീപോയോന്നറിയാതെ
നാടന്തിച്ചു നിന്നു.
കരിങ്കോളി ഒരു യാഥാർഥ്യമായന്ന് ഐമുവിൻറ പരിക്കോടെ നാട്ടുകാർക്ക് ബോദ്ധ്യമായി.
പക്ഷേ;
ഗർഭങ്ങൾ പിന്നെയും ചോദ്യചാചിഹ്നമായി.

കരിങ്കോളി;
ഭയത്തിൻറ കരിമേഘമായ് നിൽക്കുമ്പോഴാണ് കൊച്ചുവർക്കി
കാലുകുത്തുന്നത്.
കുഞ്ഞിട്ടിച്ചാൻറേയും വല്യപ്പച്ചൻറേയും നാട്ടുകാരനും പേരുകേട്ട നായാട്ട്കാരനും.
സായ്പിൻറെ പട്ടാളംവിട്ട്  കാട്കയറിയവൻ. ആനാം വെള്ളം
വീണു ഉയിർത്തവരിൽ ഒരു വൻ.

കരിങ്കോളിയും തിരോധാനവും
ദിവ്യ ഗർഭങ്ങളും കൊച്ചുവർക്കിയെ തീണ്ടിയില്ല.
പെണ്ണി നെ കാണാതായതിന് ഏഴാംപക്കം പതാലിലേക്കൊരു വാക്കത്തിയുമായി ഇറപ്പോയ
ഇട്ടിച്ചാൻ പിന്നെ തിരികെ വന്നില്ല.

 കവലയിലേക്ക് ചോരയിൽ കുളിച്ച്   ഓടിക്കതച്ചെത്തീയ ഐമു
വീണ്ടുമൊരിടിത്തീയായ്.
" ഇട്ടിയെ കൊണ്ടോയി,
ഒന്നും ചെയ്യാമ്പറ്റീല്ല. "
സീതികാക്ക നീട്ടിയ നാരങ്ങാവെള്ളം കുടിച്ച് ഐമു നടന്നു പോയി.

എഴുന്നേറ്റുവന്ന
കൊച്ചുവർക്കി ഐമുപോയ ദിക്കിലേക്ക് നോക്കി നിന്നു.
പിന്നെ  തിരിഞ്ഞ് പുരുഷാരത്തെയും.
അയാളുടെ കണ്ണിൽ നിന്നും
വെയിൽ പെയ്യുന്നത്
മീങ്കാരി മറിയ മാത്രം കണ്ടു !

അന്തം വിട്ട വേനലിൽ
അന്ന് രാത്രി
ഇടവപ്പാതിപോലെ മഴപെയ്തു.
ഇണപിരിയുന്ന കരിനാഗങ്ങളേപ്പോലെ മഴനാരുകൾ ഇടിമിന്നലിൽ
തെളിഞ്ഞ് മറഞ്ഞു കൊണ്ടിരുന്നു.
വല്യമ്മച്ചി പേടിച്ച് വിറച്ച്
 വേദപുസ്തകം നെഞ്ചിലമർത്തി.
മക്കളോടോട്ടിക്കിടന്നു.

എന്നാലോ;
അന്നത്തെ രാത്രി വല്യപ്പച്ചൻ
ശാന്തമായറങ്ങുകയാണ്. വല്യമ്മച്ചിയത് കൂർക്കം വലിയി ൽനിന്നും
തിരിച്ചറിഞ്ഞു.

അടുത്തെവിടെനിന്നോ.
പാതിരാക്കോഴി ചതഞ്ഞ് കൂവി.
പതുക്കെ; ആ ദേശത്ത് പരിചിതമല്ലാത്ത ഏതോ പൂവിൻറെ സുഗന്ധം വന്നു നിറഞ്ഞു. മഴയുടെ കട്ടി കുറഞ്ഞു
ഇറവാലത്തെ കലങ്ങളിൽ വീണ
മഴത്തുള്ളി ചിണുങ്ങലിനും മീതെ
പരിചയമുള്ള പലയൊച്ചകൾ വന്നേങ്ങലടിച്ചു.

 പെട്ടെന്ന്;
"ചാക്കോച്ചീ "യെന്നൊരു വിളി
ഇടിയൊച്ചക്കൊപ്പം മുഴങ്ങി.
കേൾക്കാനിരുന്നപോലെ
ചാടിയേറ്റ വല്യപ്പച്ചൻ.
അവർക്കരുകിൽ  വന്നിരൂന്നു.  നെഞ്ചിൽ ചേർത്ത് വച്ച വലംകൈ വല്യമ്മച്ചിയുടെ നെഞ്ചിൽ വച്ചു. പിന്നെ
കാന്തവലയത്തിൽ കുടുങ്ങിയപോലെ പുറത്തേക്ക് നടന്നു.

 പിടഞ്ഞെണീറ്റ
വല്യമ്മച്ചീടെ കാൽ
വാതിൽ കടന്നില്ല.
 വിളിക്കാൻ ഒച്ച പൊങ്ങീല്ല.
പെട്ടെന്ന് വെട്ടിയ മിന്നലിൽ കണ്ടു;
മുറ്റത്തിനപ്പുറത്ത് വഴിയിൽ
കരിവീട്ടിപോലെ കൊച്ചുവർക്കി.!
അയാൾക്കപ്പോൾ കൊന്നത്തെങ്ങിൻറെ വലുപ്പമുണ്ടായിരുന്നു.



പിന്നെ;
ആരും കണ്ടില്ല
കണ്ടില്ലഐമുവിനേയും.

നാപ്പത്തൊന്നാം നാൾ സന്ധ്യക്ക്;  വല്യമ്മച്ചീടെ മുന്നിലൊരാൾ
 മണ്ണെണ്ണ മേടിച്ച്
തിരിച്ച് വരുമ്പോൾ
സ്വരാജിൽനിന്നിറങ്ങി വന്നു.
  വല്യമ്മച്ചീടെ കയ്യിൽ കൊടുത്ത
വിലാസത്തിൽ വല്യപ്പച്ചൻ.
പിടഞ്ഞ്പോയ വല്യമ്മച്ചിയോടയാൾ പറഞ്ഞു
" കത്ത്കിട്ടാൻ വൈകി;
പിറവത്ത്ന്നാ... കൊച്ചു വർക്കി.."
""""""""" """"""    """::"""""""""""""
എൻറെ
എൻറെ മൂത്തമകൾ വയസ്സറിയിച്ചയന്ന്
വർഷങ്ങളായി പുറത്തക്ക് വരാറില്ലാത്ത വല്യമ്മച്ചി
 തിണ്ണയിലീരുന്ന എന്റെടുത്ത് വന്ന്
വന്ന്ചെവിയിൽ പറഞ്ഞു :
" കരിങ്കോളി ഒരു മായാവി സർപ്പമല്ല!! '
അപ്പോൾ;
ഇരുട്ടിൽ കൊച്ചുവർക്കിയിലേക്കിറങ്ങിപ്പോകുന്നവല്യപ്പച്ചനെ ഞാൻ  കണ്ടു.

കരിമ്പിൻനീര് മധുരിക്കുന്നത്:രജിശങ്കർ.



കരിമ്പിൻ നീര്
ഇത്രമേൽ മധുരിക്കുന്നത്
ചതഞ്ഞരഞ്ഞ ജീവൻ
മരിക്കാത്തത് കൊണ്ടാണ്.

അരഞ്ഞരഞ് മധുരം ചിന്തുന്നവർ
ബാക്കി വെക്കുന്നത്
കൈച്ചിട്ടും തുപ്പാനാവാത്ത ജീവിതം മാത്രം.

ഒരിക്കലും  പെയ്യാത്ത മഴ  ഓങ്ങിയിരിക്കുന്ന
ആകാശത്തിൻ കീഴിലിരുന്ന്
നീ പകരുന്നതെന്ത്?
ഓരോ ഇലകൾ കൊഴിയുമ്പോഴും;
മരങ്ങൾ പോലും ദീർഘനിശ്വാസമുതിർക്കുന്നത്
നീയറിയുന്നു.
നിൻറെ മൗനം;
പഠിക്കാത്തവൻറെ
എഴുത്ത് പോലെ
അഴിയാക്കുരുക്കായ്
വായനക്കപ്പുറത്ത് പതുങ്ങിക്കിടക്കുന്നു.
മധുരിക്കുന്ന കാറിനു മരണത്തിൻറെ ഗന്ധമാണന്ന് ശവംതീനിയുറുമ്പുകൾക്കറിയാം.
മതിലിനപ്പുറം അവർ  ഊഴംകാത്ത് കിടക്കുകയാണ്.

കാളിയും ഭ്രാന്തനും മന്ത്മാറ്റിക്കളിക്കുന്ന ചുടുകാട്ടിൽ
മധുരം;  അരുവിയായ്
പെരുമ്പുഴയായ്,
കടലായ് ഒഴുകുകയാണന്ന്
വായില്ലാത്തവൻ കുന്നിൻ മുകളിലിരുന്ന് മുക്രയിട്ടു.
അത്കേട്ട് അവനെ നോക്കച്ചിരിച്ച വരരുചി പുതിയൊരു പറയക്കുടിയിലേക്ക് ചൂട്ട് വീശി.

വായുള്ളവൻ
നിലത്ത് ഇല്ലാത്തതെന്തോ തിരയുകയാണ്

Dear Dad :ബോബ് മാർലിയുടെ മകൻറെ പാട്ട്. പരിഭാഷ :Rejishankar

.



പ്രിയ ദൈവമേ,
 ഇവിടെനിന്നുമെൻറെ
 പിതാവിനുള്ള കത്ത്.
ഒരുപക്ഷേ;
അങ്ങിതറിയുന്നുണ്ടാകും.
എങ്കിലുമൊരു കൊച്ചു ദു:ഖം
അറിയിക്കേണ്ടതുണ്ട്.

പ്രിയപ്പെട്ട പപ്പാ;
എനിക്കങ്ങയെ അറിയാൻ കഴിഞ്ഞില്ല.
ചിലനേരം; ഞാനിരുന്നതിശയിക്കും.!
ഇതെന്നെ നീലിപ്പിച്ചു കളയുന്നു.
എങ്കിലും എൻറെയുള്ളിലെ ഇരുട്ടിലെവിടെയോ ഒരോർമ്മയുണ്ട്.
ഇതെന്നെ അങ്ങയിലേക്ക്  കൂട്ടിക്കൊണ്ടുപോകുന്നു.

ഓ!പപ്പാ;
ഈ അഭാവം ഞങ്ങളേറെ അനുഭവിക്കുന്നു.
മക്കൾ ഇവിടെ വളരുന്നത് അറിയുന്നുണ്ടാവും.
 അമ്മ നല്ലതല്ലാതൊന്നും
ചെയ്യുന്നില്ലന്നോർത്ത് അതിശയിക്കും.

ഞാൻ;
വീഴുമ്പോഴും
നീലിച്ച് പോകുമ്പോഴൊക്കെയും
അങ്ങയുടെ കഥയെന്നോട് പറയുക.
അതെൻറെ
പേടിയുംകണ്ണീരും മായ്ച്ച് കളയും.
ഒരു കരുതലിനക്കുറിച്ച്
അങ്ങറിയാൻ എഴുതിയെന്ന് മാത്രം.
നിശ്ചയം :
ഞാനങ്ങയെ സ്നേഹിക്കുന്നു.
ആ അഭാവം,
ഞാൻ അനുഭവിക്കുന്നു.
എൻറെ സഹോദരങ്ങളും.!

എനിക്കറിയാം;
അങ്ങയുടെ സ്നേഹം ഏവർക്കുംപകർന്നു.
വിശ്വാസമർപ്പിച്ചവരിൽ
ചതിച്ഛവർക്ക് പോലും!
എന്നാൽ വഞ്ചന
 മറ്റൊരു നാളെയെ കൊണ്ടുവരു;

എൻറെയമ്മ പറഞ്ഞതുപോലെ.

ഞാൻ ഈ കത്ത്,
വേദപുസ്തകത്തിനുള്ളിൽ വയ്ക്കുന്നു.
ഞാൻ യഹോവയോട്
പ്രാർത്ഥിക്കാനൊരുങ്ങുകയാണ്.
തൻറെ ദൂതഗണങ്ങളെ അയച്ച്
ഈ കത്ത് എത്തിക്കുവാൻ.
എന്നെത്തന്നെ പുതുക്കുവാൻ.



പ്രയം
ആൽക്കെമി പോലെയാണ്
 .
ദേശാന്തരങ്ങളിലൂടെ
മറ്റെല്ലാം ഊരിയെറിഞ്ഞ്
ഹൃദയത്തിന്റെ വാതായനങ്ങൾ തുറന്നിട്ട്
മഞ്ഞും മഴയും എരിവെയിലുമറിയാതെ
നദിപുളിനങ്ങളും വനനികുഞ്ചങ്ങളും 
മണൽക്കാടുകളും താണ്ടി
പ്രണയത്തോട് മരണംകൊണ്ടു
പ്രതികാരം ചെയ്തവരുടെ വിലാപങ്ങളും
 പ്രണയത്തിൽ കുതിർന്നുപോയവരുടെ 
പതുപതുപ്പും കടന്ന്‌ താമരകൾക്കിടയിൽ
 മേയുന്ന ഇണയരയന്നങ്ങളുടെ
 അനുരാഗാനദിയിൽ മുങ്ങി നിവർന്നു,
നിലാവിൽ വീണ പിരമിഡുകളുടെ,
 പനയോലകളുടെ നിഴലിലിരുന്ന് 
അലിഞ്ഞലിഞ്ഞ് പാടി
ചന്ദ്രികയെ അലിയിച്ചുതിർത്തൊരു
 വെളിച്ചക്കടലാക്കിയാലും പ്രണയത്തിന്റെ
 ഒരിലയനക്കം പോലും ഉണ്ടാകണമെന്നില്ല.

ഉറകെട്ട ജീവിതങ്ങൾ
ഏഴല്ല, എഴുന്നൂറ് ജന്മങ്ങൾ 
ഒരുമിച്ചു സഞ്ചരിച്ചാലും 
മരിച്ചവരെപ്പോലെ പുണർന്നും വേർപെട്ടും 
മൈലുകൾ മനസ്സുകൊണ്ടളന്നങ്ങനെ നീളും.

നിന്റെ ഹൃദയാഴങ്ങളിലേക്കുള്ള 
എന്റെ മുങ്ങിക്കപ്പൽ ചലിക്കുന്നതില്ലന്ന് 
നീ മാത്രമറിഞ്ഞ രഹസ്യം.

കളഞ്ഞുപോയ പ്രിയപ്പെട്ടതിനെ
ഓർക്കാതിരിക്കെ കണ്ടെത്തിയ
നടുക്കം പോലൊരു ഇഷ്ടത്തെ
 കണ്ടെത്തുമ്പോളാണ്,
ഹൃദയം രോമകൂപങ്ങലിലൂടെ 
ശാഖികൾ നീട്ടി തളിർത്ത്
 ഉടലാകെ പൂത്തുലയുന്നത്.
അതിൽ, കണ്ണിൽ വിരിയുന്നതിനെയാണ് 
മാലാഖമാർ പൂജയ്ക്കെടുക്കാറുള്ളത്.


പ്രണയം,
ആൽക്കമിയാണ്.
അതു, ഉള്ളിൽ ചടഞ്ഞുപോയ 
താമരനൂലുകൾ
സ്വർണ്ണ നാരുകളാക്കുന്നു.
വാക്കുപോയ ഹൃദയങ്ങളെ 
പരസ്പരം പണിയുന്നു.

മായാത്ത കാഴ്ചകളിലല്ല
വിനാഴികളുടെ കൈക്കുമ്പിളിലും
വിദൂരതയുടെ സുതാര്യതയിലുമാണ്
അതിരിക്കുന്നതെന്ന് 
ഞാനറിയുന്നില്ലന്നത്
നീ മാത്രമറിയുന്ന രഹസ്യം.

എന്തിനാണിങ്ങനെ
പൂക്കൾ വിരിയുന്നതെന്ന്‌
ഞാൻ തലപ്പുകയുമ്പോൾ
നിന്റെമുഖം എന്തായിരുന്നുവെന്ന് 
ഞാൻ അറിഞ്ഞിരുന്നില്ലന്നത് മാത്രം 

ഒരു രഹസ്യമല്ല.

THE CAPFIT BOBMARLEY.പരിഭാഷ :rejishankar




മനുഷ്യൻ മനുഷ്യനോട് ഏറെ അനീതിയോടിരിക്കുന്നു.
കുഞ്ഞുങ്ങളേ...
ആരെ വിശ്വസിക്കണമെന്നറിയില്ല.
നിൻറെ വലിയ ശത്രു
നിൻറെ നല്ല ചങ്ങാതി ആയേക്കാം!
നിൻറ നല്ല ചങ്ങാതി വലിയ ശത്രുവും!!

ചിലർ നിനക്കൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തേക്കാം,
പിന്നെ; പിന്നിൽ നിന്നും
നിന്നേക്കുറിച്ച് കുശുകുശുത്തേക്കാം.
നിൻറെ രഹസ്യം, സുഹൃത്ത് മാത്രമറിയുന്നു.
അവനത് വെളിപ്പെടുത്താനാകും.
തൊപ്പി;
പാകമുള്ളവർ ധരിക്കട്ടെ.!

ചിലർ നിന്നെ വെറുക്കുന്നു,
ചിലർ സ്നേഹം നടിക്കുന്നു.
പിന്നിൽനിന്ന്
നിന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു.  എന്നാൽ;
യഹോവയനുഗ്രഹിച്ചവരോ ശപിക്കയില്ല.
നിൻറെ രാത്രി
പകലിലേക്ക് തിരിയുമ്പോൾ
ഏറെപ്പർ അകലേക്ക് ഓടിപ്പോയിരിക്കും
കുപ്പായം; പാകമുള്ളവനണിയട്ടെ.
തൊപ്പിയോ; അത് ചേരുന്നവൻ ധരിക്കട്ടെ!!

25. 10. 2014

കുഴിവെട്ടി മൂടുന്നവർ:Rejishankar



സ്വർഗ്ഗ സീയോനിലേക്ക്
കണ്ണ് നട്ടിരിക്കുന്ന
കറുത്ത കുഞ്ഞാടുകളേ....
നിങ്ങൾക്ക് ഹാ,കഷ്ടം!

നിങ്ങൾ
ശിരസ്സുയർത്തി,മിഴിപൂട്ടി,
അട്ടഹസിച്ച് പാഴ്വാക്കുരുവിട്ടിരുന്നപ്പോൾ;
എത്രയെത്രപേർ സ്വർഗ്ഗകവാടം
കടന്ന് പോയി.!

വേദപുസ്തകം
തീപ്പൊരിചിതറി ഉള്ളിൽ
ജ്വലിച്ച് നിന്നപ്പോൾ;
കുരുന്നുകൾ യാഥാർത്ഥ്യത്തിൻറെ
മഞ്ഞ് വീഴ്ചയിൽ വിറങ്ങലിക്കുകയായിരുന്നു.

ചത്തുപോയവർ
കുഴിമാട കുരിശും ചാരിയിരുന്ന്
കരയുന്നതെന്തെന്ന്;
ഉറക്കം ഞെട്ടിയ കുഞ്ഞ്
ഇടറി ചോദിച്ചപ്പോൾ
ഞാൻ;ഒരുപാട് കാര്യങ്ങൾ
ഇട്ട്മൂടാനുള്ള കുഴി
ആഞ്ഞ് വെട്ടുകയായിരുന്നു.

Saturday, February 8, 2020

അറിയാൻ :Rejishankar



യുദ്ധം മാത്രമേ; 
മരിക്കാതിരിക്കുന്നുള്ളു.
ജയിച്ചവനും തോറ്റവനും
മരിച്ചുപോയവരാണ്.
കൊല്ലാനുള്ള ത്വര,
ആയുധമെടുക്കുമ്മുമ്പേ
അവരെ കൊന്നു കഴിഞ്ഞു!!

ഇവർക്കിടയിൽ
സമാധാനം കണ്ടെത്താൻ
ശ്രമിച്ച വിഡ്ഢികൾ,
അവർക്കു മുമ്പേ മരിച്ചുപോയി.

സംഹാരത്തിൻറ
ഇന്ധനപ്പുരക്കരുകിൽ
കറവീഴാത്ത ഹൃദയങ്ങളല്ലാതെ
ഉറങ്ങുന്നില്ല.

തീവണ്ടി :rejishankar



തീവണ്ടി;
ഭൂതകാലത്തിൻറെ
ഇരുണ്ട ലോകത്തേക്ക്
പാഞ്ഞു കയറുന്ന ഒറ്റക്കണ്ണുള്ള ഓർമ്മയാണ്.
മാറാലമൂടിയ ഓർമ്മയുടെ താഴ്വരയിലത് കിതച്ച് നിൽക്കുന്നു,
കരഞ്ഞും വിളിച്ചും ഓടിയകലുന്നു.

കയറുന്നവർക്ക്
കരുത്തുറ്റ രക്ഷാകേന്ദ്രം.
ഇറങ്ങുന്നവർക്ക്
രക്ഷപെട്ടോരുദുരിത പേടകം.
 പിന്നെ നാവിൻ തുമ്പിലൊരു തെറി;
പിന്തിരിഞ്ഞ് നോക്കാതെ
അറപ്പോടൊരു തുപ്പൽ!

അപ്പോഴും തീവണ്ടി,
കയറിയവരുടേയും ഇറങ്ങിയവരുടേയും
മാലിന്യങ്ങൾ പേറി
ആത്മരോഷം പാളങ്ങളിലുരച്ച്
തീയെരിച്ചടക്കുന്നു.

അർദ്ധരാത്രിയിൽ;
കീറിമുറിച്ചുയരുമൊരു ചൂളംവിളി,
മറന്നുകളഞ്ഞ അമ്മയോടുള്ള സ്നേഹം,
പാതിവഴിയിലുപേക്ഷിച്ച
പൈതങ്ങളോടുള്ള വാത്സല്യം
നടന്നു മറഞ്ഞ;
മറന്നു മറഞ്ഞ
നാടും നാട്ടു വഴികളും
മുള്ളുകളായ് ഹൃദയത്തിലേഖകൻ
കോരിയിട്ട് ഞെരിക്കുന്നു.

തീവണ്ടി;
ഓർമ്മകളിലേക്ക് തറക്കുമൊരു ജാലകമാണ്.
കൂട്ടിമുട്ടാത്ത രണ്ടു രേഖകളിലൂടെ
ജീവിതത്തെ പറിച്ചെടുത്തും
 ചേർത്ത് വച്ചും,
രാത്രിയിൽ തേങ്ങിയും പിറുപിറുത്തും,
പകൽ പൊള്ളിക്കരഞ്ഞും,
കുതിച്ചു പായുന്നു....

പലദേശമുണ്ടെങ്കിലും
സ്വന്തമൊന്നുമില്ലാതെ,
പരിചിതരില്ലങ്കിലും
സ്നേഹിതരില്ലാതെ..!!

23. 7. 2005
Bangalore

Friday, February 7, 2020

നിയവൻ
ഒരവദൂതനേപ്പോലെ
മുളവടിയുമേന്തി മുന്നിലുണ്ടാവും.
മരണം.!
അതെ,ആത്മഹത്യ!
ഭീരുവിൻറെ,പിടികിട്ടാ മറവിലേക്കുള്ള
 ഒളിച്ചോട്ടമാണന്ന് പറഞ്ഞ വിഡ്ഢിയാര്?
അവനറിയില്ലല്ലോ,മരണം
ചിലതവസാനിപ്പിക്കാനുള്ളവരുടെ
തുടക്കമാണന്ന്!
നരഭോജികളായ നായ്ക്കൾ 
ഉറങ്ങാതെ ഓരിയിട്ട് നടക്കുന്ന
ഈ തെരുവുകളിൽ
ഇനിയവൻറെ നിഴലില്ലാത്ത
അനക്കങ്ങളുണ്ടാവും
ഭയമില്ലാത്ത ലോകത്തേക്കൊരു വാതിൽ 
ഈ തെരുവുകൾ
തുറന്ന് വെക്കും.
നീയിത്കേൾക്കുന്നുണ്ടോ?
മുഴുനിലാവ്
മലക്ക് പിന്നിൽ നിന്ന്
നിഴൽ വീഴ്ത്തുന്ന ഈ പാതിരാത്രിയിൽ
അടിവാരത്ത്,
പണ്ടെങ്ങോ വറ്റിപ്പോയ
മഹാനദിക്കരയിൽ,
അതേ ഉണക്കമരത്തിൽ ചാരിയിരുന്ന്
ചത്ത് കെട്ട്പോയവർ ജീവൻറെ
പാട്ട്പാടുന്നു.
പോയാണ്ടിലെ നൊമ്പരവും
വേദനയും ഇപ്പോഴതിനില്ല.!
ഇനി
നീയിതോർത്ത് വെക്കണം:
നിൻറെ ആരംഭങ്ങളിലൊക്കെയും
ഒരു മുളയൊച്ചയായ്
മുമ്പേ അവനുണ്ടാവും.
അവസാനമായി;
(ഇത് നീ അറിഞ്ഞില്ലെങ്കിൽ പോലും)
ശരികെടുമ്പോൾ,
നീയവനെ ധരിച്ച് എരിഞ്ഞ് നിൽക്കും.!!
അവൻ;
കടന്ന്ചെന്ന് മരണത്തെ
കവർന്നെടുത്തവൻ.
മരവിച്ച് കിടന്ന
യാത്രകളുടെ തുടക്കം!!

ഇരുവശങ്ങൾ : rejishankar bodhi



രിലയുടെ
ഇരുവശങ്ങളായിരുന്നുകൊണ്ട്
രണ്ട് വസന്തങ്ങൾ
സ്വപ്നം കാണുന്നവരാണ് നാം.
ഓരോ വശവും ഓരോ ഇടതൂർന്ന
വനമെന്നു മുഴങ്ങുന്നു.
അതുകൊണ്ടുതന്നെ ഒരു വശവും ഇതുവരെ
മറുവശം കണ്ടിട്ടില്ല.

ഇലയുതിരും കാലത്ത് നിറംമങ്ങി കൊഴിയുമെന്നോർക്കാതെ
വിത്തിനെക്കാൾ മുളയെ സ്വപ്നം കാണുന്നവർ.

കരിയിലകൾ ഇതുവരെ
ചരിത്രമെഴുതിയിട്ടില്ല.