അതേ,
മരിച്ചവർക്കിടയിലാണ്
ഞങ്ങൾ ജീവിച്ചിരിക്കുന്നത്.
മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരെ
അടക്കുകയും ദഹിപ്പിക്കുകയും ചെയുന്ന കാലത്ത്!
ഇട്ടു മൂടുമ്പോഴും,
കോൺക്രീററ് പലകകൊണ്ടു മറയ്ക്കുമ്പോഴും
പ്രസന്നമായ വിശാല നഭസിലേക്കു
കൈ നീട്ടുന്നവരാണ് ഞങ്ങൾ.
പാറയുടെ ഇടുക്കിലും,
പർവ്വതങ്ങളുടെ കടും തൂക്കിലും
മുളച്ചു വളർന്നു പടരുന്നതും
ആകാശത്തെക്കു എഴുന്നേൽക്കുന്നതും
എങ്ങനെയാണെന്ന്
പലപ്പോഴും നിങ്ങൾ അതിശയിക്കുന്നത് കണ്ടിട്ടുണ്ട്.
ജീവന്റെ കുരുന്നുകളെ പെരുവിരൽ കൊണ്ട്
അരച്ചുകളയുമ്പോൾ
ആകാശവിതാനങ്ങളുടെ തുളകളിലൂടെ
നിങ്ങളെ പൊള്ളിക്കുന്ന പരിഹാസം വേറെയെന്താണ്.
നിങ്ങൾ,
ജീവന്റെ മുളകൾക്കിടയിൽ
മരിച്ചുപോയവരാണ്.
ജീവരാശിയെ
പൊള്ളിച്ചുകൊണ്ടൊഴുകുന്ന ലാവ.
അവിടെയും
ജീവന്റെ മുനയോടിയാതെ കാക്കുന്ന
ആദിമസ്പന്ദനമാണ് ഞങ്ങൾ.
അതേ,
ഞങ്ങൾ മരിച്ചവർക്കിടയിലെ
ജീവന്റെ തുടിപ്പുകൾ തന്നെയാണ്.

No comments:
Post a Comment